ഷെർലക്ക് ഹോംസിലൂടെ വായിച്ചറിഞ്ഞ, സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രകളിലൂടെ കണ്ടറിഞ്ഞ ലണ്ടനെന്ന സ്വപ്ന നഗരം പലരുടെയും ബക്കറ്റ് ലിസ്റ്റിൽ മുന്നിലുണ്ടാകും. ലണ്ടനിലേക്ക് ഉള്ള വിസിറ്റിംഗ് വിസയ്ക്ക് വേണ്ടിയുള്ള ഓട്ടം ചില്ലറയല്ലെങ്കിലും അതിനു തക്ക കാഴ്‌കളാണ് ഇവിടെ കാത്തിരിക്കുന്നത്. പഴയ തനിമ കാത്തു സൂക്ഷിക്കുന്ന വീടുകൾ മുതൽ ആകാശം മുട്ടുന്ന പുത്തൻ നിർമിതികൾ വരെയും ലണ്ടൻ നഗരത്തിൻ്റെ പ്രൗഢി കാത്തു സൂക്ഷിക്കുന്നു. ലണ്ടനിലേക്ക് വരുന്ന സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഇതാ…
ലണ്ടൻ ബ്രിഡ്ജ്
ഇന്ത്യയിൽ നിന്ന്നീണ്ട നേരത്തെ ആകാശ യാത്രയുടെ അവസാന മിനുറ്റുകളിൽ കാണുന്ന ലണ്ടൻ ടവർ ബ്രിഡ്ജ് ഒരു വികാരം തന്നെയാണ്. ദേ ലണ്ടൻ എത്തി ട്ടോ എന്ന്…. തേംസ് നദിയുടെ കുറുകെ ലണ്ടൻ്റെ അഭിമാനമായി നിലകൊള്ളുന്ന പാലം ഇരുവശങ്ങളും ഉയർത്തി കപ്പലുകൾക്ക് പോകാൻ വഴിയൊരുക്കുന്നത് തെല്ലല്ഭുതത്തോടെ അല്ലാതെ നോക്കി നിൽക്കാനാവില്ല. ബ്രിഡ്ജിനു മുകളിൽ മാത്രമല്ല, അതുക്കും മേലെ ഗ്ലാസ് ബ്രിഡ്ജിലും കയറി തേംസ് നദിയും ചുറ്റോടു ചുറ്റും കാണാനും സാധിക്കും. ബ്രിഡ്ജിന് താഴെ വലതു വശം കാണുന്ന വഴിയിലൂടെ അല്പം നടന്നാൽ തേംസ് നദിയുടെ അരികിൽ നിന്നും ലണ്ടൻ ബ്രിഡ്ജ് കാണാമെന്ന് അധികം ആർക്കും അറിയില്ല.
ലണ്ടൻ ഐ
ലണ്ടൻ നഗരത്തിൻ്റെ മറ്റൊരു മുഖമുദ്രയാണ് ലണ്ടൻ ഐ. നമ്മുടെ യന്ത്ര ഊഞ്ഞലിൻ്റെ ഇമ്മിണി ബല്യ വേർഷൻ എന്ന് വേണമെങ്കിൽ പറയാം. ക്യാപ്സ്യൂൾ ആകൃതിയിൽ ഉള്ള ക്യാബിനിൽ 30 മിനിറ്റ് കൊണ്ട് ഒരു കറക്കം പൂർത്തിയാക്കുക. കറക്കം വളരെ പതുക്കെ ആയതിനാൽ ഭയവും വേണ്ട. പേര് പോലെ തന്നെ 360 ഡിഗ്രിയിൽ ചുറ്റും കണ്ണോടിക്കാൻ തക്ക വണ്ണമാണ് ഈ ഗ്ലാസ്സ് യന്ത്ര ഊഞ്ഞാലിൻ്റെ നിർമിതി. ബ്രിട്ടീഷ് പാർലമെന്റ് മന്ദിരം ബക്കിങ്ഹാം കൊട്ടാരം, ലണ്ടൻ ബ്രിഡ്ജ് തുടങ്ങി ലണ്ടൻ നഗരം 30 മിനുട്ടിൽ കാണാം എന്ന് ചുരുക്കം…
ബ്രിട്ടീഷ് മ്യൂസിയം
ലോകത്തെമ്പാടുനിന്നുമുള്ള വിലപിടിപ്പെറിയ വസ്തുക്കൾ പലതും സ്വന്തമാണെങ്കിലും അതിൻ്റെ അഹങ്കാരമൊന്നും ബ്രിട്ടീഷ് മ്യൂസിയത്തിനില്ല…സംഗതി ഫ്രീ എൻട്രി ആണ്… നമ്മുടെ കോഹിനൂർ മുതൽ ഈജിപ്ഷ്യൻ മമ്മി വരെ ഇവിടെ ഉണ്ട്. ഇവിടെയുള്ള ഓരോ വസ്തുക്കളും ആ കാലഘട്ടത്തിലെ കഥകൾ നിങ്ങളിലെത്തിക്കും. മനുഷ്യനെയും പഴയ സംസ്കാരത്തെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണി ആണ് ഈ മ്യൂസിയംഎന്ന് നിസംശയം പറയാം.
നാഷണൽ ഗ്യാലറി
രണ്ടായിരത്തി മുന്നൂറോളം വരുന്ന അർട് വർക്കുകൾ നിരത്തിയ നാഷണൽ ഗ്യാലറി ഏതു കലാ പ്രേമിക്കും നല്ലൊരു ഓപ്ഷൻ ആണ്. ഡാവിഞ്ചി, വാൻഗോഗ്, മൈക്കലാഞ്ചലോ തുടങ്ങി ഒരു ദിവസം മുഴുവൻ നടന്ന് ആസ്വദിക്കാൻ ഉള്ളത് ഇവിടെയുണ്ട്. നോക്കി നിന്ന് ചിത്രം വായിച്ചെടുക്കുന്നതിൻ്റെ സുഖം അറിയുന്നവർക്ക് ഇവിടം സ്വർഗ്ഗം.
ലണ്ടൻ മോനുമെൻ്റ്
ഒരല്പം സാഹസികത ഇഷ്ടപ്പെടുന്നവർ ആണ് നിങ്ങൾ എങ്കിൽ ലണ്ടൻ മോനുമെൻ്റ് നല്ലൊരു ഓപ്ഷൻ ആണ്. ട്രെക്കിങ്ങൻ്റെ അവസാനം കാത്ത് വച്ചിരിക്കുന്ന ദൃശ്യ വിസ്മയം പോലെ മനോഹരമാണ് 311 ഇടുങ്ങിയ പടികൾ കയറി മുകളിലെത്തുമ്പോൾ ഉള്ള കാഴ്ചയും. തേംസ് നദിയും ടവർ ബ്രിഡ്ജും തുടങ്ങി ഒരു വലിയ ഭാഗം ഇതിന് മുകളിൽ നിന്നും കാണാം. സന്ദർശിക്കുന്ന സമയം സൂര്യാസ്തമയമാണെങ്കിൽ ബഹുകേമം. 6 പൗണ്ട് ആണ് ടിക്കറ്റ് നിരക്ക്.
ചൈന ടൗൺ
പേര് പോലെ തന്നെ ചൈനീസ് ഭക്ഷണങ്ങളും വസ്തുക്കളും മാത്രം വില്പനയ്ക്ക് വച്ചിരിക്കുന്ന ഒരു വലിയ മാർക്കറ്റ് ലണ്ടൻ നഗരത്തിൻ്റെ മധ്യ ഭാഗത്ത് ഉണ്ട്. ലണ്ടനിലെ ഏറ്റവും വലിയ ചൈനീസ് കമ്മ്യൂണിറ്റിയുടെ ആസ്ഥാനമാണിത്. ഭക്ഷണങ്ങളിൽ വ്യത്യസ്തത ഇഷടപ്പെടുന്നവർക്ക്ഇവിടെയെത്തിയാൽ ചെറിയ വിലയിൽ ചൈനീസ് വെറൈറ്റികൾ കഴിക്കാം. ബുദ്ധക്ഷേത്രങ്ങൾ, ടാവോയിസ്റ്റ് ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി ചൈനീസ് സാംസ്കാരിക സ്ഥാപനങ്ങളും ഇവിടെയുണ്ട്.